Saturday, June 27, 2009

അക്കരെ നിന്നൊരു കൊട്ടാരം

സ്വാഗതം എന്ന ചിത്രത്തിൽ ബിച്ചു തിരുമല എഴുതി രാജാമണി സംഗീതം പകർന്നു പട്ടണക്കാടു പുരുഷോത്തമൻ.മിന്മിനി.ജഗന്നാഥൻ എന്നിവർ ചേർന്നു ആലപിച്ച ഈ ഗാനം കേൾക്കുമ്പോൾ വേർപിരിയലിന്റെ നൊമ്പരമാണു മനസ്സിൽ ഉണർത്തുന്നത്.ചിത്രത്തിൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട നിലയിൽ ചിരിച്ചു കളിച്ച് ഭർത്താവിന്റെ ശവസംസ്കാരത്തിനു പോകുന്ന പാർവതി അവതരിപ്പിച്ച കഥാപാത്രത്തെ ഇപ്പോഴും ഓർക്കുന്നു.ഈ പാട്ട് കേട്ടാൽ ശരിക്കും ഉള്ളിൽ തട്ടി സങ്കടം വരും.നിങ്ങളും കേട്ടു നോക്കൂ



അക്കരെ നിന്നൊരു കൊട്ടാരം
കപ്പലു പോലെ വരുന്നേരം
ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
പത്തേമാരിയുമെത്തേണം (2)


പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
ഞങ്ങളെ നിങ്ങൾ വിളിക്കേണം
കാഹളം വേണം യോഹലം വേണം
ബാൻഡു മേളം വേനം
ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)


ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
തുറമുഖ തീരത്ത് വന്നീടും
കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

Monday, June 22, 2009

അണിയം അണിയം പൊയ്കയിൽ

പണി തീരാത്ത വീട് എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി എം എസ് വിശ്വനാഥൻ ഈണം നൽകി മലയാളിയുടെ പ്രിയ ഗായിക പി സുശീല പാടിയ ആ മനോഹര ഗാനം ഇവിടെ കേൾക്കാം








അണിയം അണിയം പൊയ്കയിൽ പണ്ടോ
രരയന്നമുണ്ടായിരുന്നു (2)
അവൾ ഉദയം മുതൽ അസ്തമയം വരെ
ഉർവശി ചമയുകയായിരുന്നൂ (2) [അണിയം..]

അല്ലിമലർക്കാവിൽ കൂത്തിനു പോയ നാൾ (2)
അവളൊരു മയിലിനെ കണ്ടൂ
നിറമയില്പീലികൾ കണ്ടൂ
തിരുമണിക്കച്ചകൾ കണ്ടൂ നിറുകയിൽ
പൂമ്പൊടി കണ്ടൂ
അന്നാ മയിലിൻ വർണ്ണച്ചിറകുകൾ
അവൾ ചെന്നു കടം മേടിച്ചൂ
അവൾ ചെന്നു കടം മേടിച്ചൂ(അണിയം..)


അഗ്നിമുടിക്കുന്നിൽ വിളക്കിനു പോയ നാൾ(2)
അവളൊരു മാനിനെ കണ്ടൂ
കലയുള്ള കൊമ്പുകൾ കണ്ടൂ
കടമിഴിക്കോണുകൾ കണ്ടൂ
കതിരിട്ട സ്വപ്നങ്ങൾ കണ്ടൂ
അന്നാ മാനിൻ നീലക്കണ്ണുകൾ
അവൾ ചെന്നു കടം മേടിച്ചു
അവൾ ചെന്നു കടം മേടിച്ചൂ (അണിയം..)

അന്നനട കാണാൻ ആ വഴി വന്നവർ (2)
അവളുടെ വികൃതികൾ കണ്ടൂ
മഴവില്ലിൻ പൂങ്കുട കീഴേ
മയിലിന്റെ പീലികളോടെ
മാനിന്റെ കണ്ണുകളോടെ
അവരാ നടനം നോക്കിച്ചിരിച്ചു
അരയന്നം നാണിച്ചു
അരയന്നം നാണിച്ചു (അണിയം..)